നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ പിതാവ് വിറ്റത് മൊബൈലും സ്വര്‍ണമാലയും വാങ്ങാന്‍. 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ സംഭവത്തില്‍ തമിഴ്‌നാട് തിരുനെല്‍വേലി വിക്രമസിംഗപുരം സ്വദേശിയായ 38 വയസുള്ള പിതാവ് യെസൂരുദ്യരാജിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
വിക്രമസിംഗപുരത്തിന് സമീപം അരുംഗംപെട്ടി ഗ്രാമത്തില്‍ താമസിക്കുന്ന യെസൂരുദ്യരാജ്– പുഷ്പലത ദമ്ബതികള്‍ക്ക് കഴിഞ്ഞ എട്ടാം തിയതിയാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. വീണ്ടും ഒരു പെണ്‍കുട്ടി കൂടി ജനിച്ചതില്‍ യുവാവ് അസംതൃപ്തനായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇക്കാരണത്താല്‍ ആണ്‍കുട്ടിയെ വളര്‍ത്താനും പെണ്‍കുട്ടിയെ വില്‍ക്കാനും ഇയാള്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം കുഞ്ഞിന്റെ വില്‍പനയുമായി ബന്ധപ്പെട്ട് മൂന്ന് ഇടനിലക്കാരേയും പോലീസ് പിടികൂടിയിട്ടുണ്ട്. സെല്‍വന്‍, നെല്ലൈപ്പര്‍, കണ്ണന്‍ എന്നിങ്ങനെ മൂന്ന് ഇടനിലക്കാര്‍ വഴിയാണ് തിരുനെല്‍വേലിയിലുള്ള കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് അനധികൃതമായി കുട്ടിയെ നല്‍കിയതെന്ന് പോലീസ് കണ്ടെത്തി.
വില്പനയില്‍ നിന്നും ലഭിച്ച തുകയില്‍ നിന്നും ഒരു ലക്ഷം രൂപ കുഞ്ഞിന്റെ പിതാവിനും ബാക്കിയുള്ള എണ്‍പതിനായിരം രൂപ ഇടനിലക്കാര്‍ക്കും എന്നായിരുന്നു ധാരണ. പക്ഷെ തങ്ങളുടെ കുട്ടിയെ വില്‍ക്കാനുള്ള പദ്ധതിയേക്കുറിച്ച് മാതാവായ പുഷ്പലതക്ക് അറിവുണ്ടായിരുന്നില്ല.
ആണ്‍കുട്ടിക്കായി സ്വര്‍ണണമാലയും തനിക്ക് ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണും വാങ്ങിയെത്തിയ ഭര്‍ത്താവ് ഇതിനുള്ള പണം കിട്ടിയത് മോട്ടോര്‍ ബൈക്കും സൈക്കിളും പണയം വച്ചാണ് കണ്ടെത്തിയതെന്നാണ് ഭാര്യയോട് പറഞ്ഞത്. ഈ മാസം 18നായിരുന്നു വില്‍പന നടന്നത്.
പക്ഷെ കുട്ടിയെ മാതാവ് പുഷ്പലത അന്വേഷിക്കാന്‍ തുടങ്ങിയതും കുത്തിവയ്പിനായി ആശുപത്രി അധികൃതര്‍ കുട്ടിയെ തേടുകയും ചെയ്തതോടെയാണ് വില്‍പനയുടെ കാര്യം പുറത്തറിയുന്നത്. മാത്രമല്ല, കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഭാര്യയുമായി യെസൂരുദ്യരാജ് ആശുപത്രിയില്‍ തര്‍ക്കിക്കുകയും ചെയ്തു. ഇതോടുകൂടി ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു .
തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ വിറ്റ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്തു. പോലീസ് പിതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍ , വഞ്ചന, ഗൂഢാലോചന, തുടങ്ങിയ ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.