സംസ്ഥാനത്തെ കന്നുകാലികൾക്ക് ആധാർ മാതൃകയിൽ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ (യു.ഐ.ഡി.) വരുന്നു. പദ്ധതിപ്രകാരം നാലുമാസംമുതൽ മുകളിലോട്ട് പ്രായമുള്ള എല്ലാ കന്നുകാലികൾക്കും യു.ഐ.ഡി. നമ്പർ നൽകും. ഉരുക്കളുടെ കാതുകളിൽ മൈക്രോ ചിപ്പ് (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ്) ഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഒരിക്കൽ ചിപ്പ് ഘടിപ്പിക്കുന്ന എല്ലാ മൃഗങ്ങളെയും ജീവിതകാലം മുഴുവൻ തിരിച്ചറിയാൻ കഴിയും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ജിയോഗ്രാഫിക് ഇൻഫർമേഷൻ സംവിധാനം വഴി കന്നുകാലികളുടെ പ്രായം, കെട്ടിയിരിക്കുന്ന സ്ഥലം, കുത്തിവയ്പ് വിവരങ്ങൾ, കറവയുടെ വിവരം, ഉടമയുടെ പേര്, മേൽവിലാസം തുടങ്ങി വിശദവിവരങ്ങൾ ശേഖരിക്കും. ഉടമസ്ഥർ മാറുന്നതടക്കമുള്ള വിവരങ്ങൾ അപ്പപ്പോൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കും. ഈ വിവരങ്ങൾ ഉൾപ്പെടുത്തി കന്നുകാലികളുടെ ഇലക്ട്രോണിക് രജിസ്റ്റർ തയ്യാറാക്കും.
മൃഗസംരക്ഷണവകുപ്പിൻറെ ഭൂമിക എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. ഇതിനായി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് നേരത്തേതന്നെ 2000 ടാബുകൾ ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ കന്നുകാലികളെ സംബന്ധിക്കുന്ന സമഗ്രമായ വിവരങ്ങൾ ലഭിക്കുന്നതോടെ മൃഗസംരക്ഷണമേഖലയുടെ കൃത്യമായ മേൽനോട്ടവും ആസൂത്രണവും കാര്യക്ഷമമായി നടത്താനാകുമെന്ന് സർക്കാർ കരുതുന്നു. കന്നുകാലികൾക്കുണ്ടാകുന്ന പകർച്ചവ്യാധികൾ നിയന്ത്രിക്കാനും മൃഗസംരക്ഷണവകുപ്പിന്റെ സാങ്കേതിക സഹായങ്ങൾ ഉറപ്പുവരുത്താനും കഴിയും. പ്രളയത്തിലും മറ്റും ഒറ്റപ്പെട്ടുപോകുന്ന കന്നുകാലികളുടെ ഉടമയെ കണ്ടെത്താനും മോഷണം തടയാനുമാകും.
ഇൻഷുറൻസ്, കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് എന്നിവയുടെ ഭാഗമായി കന്നുകാലികളുടെ കാതിലിടുന്ന പ്ലാസ്റ്റിക് കമ്മൽ, യു.ഐ.ഡി. നമ്പർ വരുന്നതോടെ ഒഴിവാകും. പ്രളയാനന്തര പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടിയുടെ അനുമതി ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിൽ കഴിഞ്ഞവർഷം ഇതിന്റെ പരീക്ഷണപദ്ധതി നടത്തിയിരുന്നു.