ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചോടിച്ച രക്ഷിക്കാനെത്തിയ യുവാക്കളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകിട്ട് എട്ടര മണിയോടടുത്ത് നോയിഡയിലെ സെക്ടര്‍ 63ലെ പൊലീസ് പോസ്റ്റില്‍ നിന്നും 500 മീറ്റര്‍ അകലെ വച്ചാണ് ക്രൂരസംഭവം ഉണ്ടാകുന്നത്. 21കാരിയായ യുവതിയോട് ഒരു ജോലി തരുന്ന കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഒരു എക്സ്പോര്‍ട്ട് കമ്ബനിയിലെ പ്യൂണായ രവി എന്നയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുന്നത്. മുന്‍പരിചയമുള്ളതിനാലാണ് പെണ്‍കുട്ടി രവിയെ കാണാനായി എത്തിയത്.
എന്നാല്‍ തന്നെ കാണാനെത്തിയ പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു പാര്‍ക്കിലേക്ക് കൂട്ടികൊണ്ടുപോയി ശേഷം ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്നെ രവി ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുകയും ഇത് കേട്ടെത്തിയ രണ്ട് യുവാക്കള്‍ രവിയെ അടിച്ചോടിക്കുകയും ചെയ്തു. എന്നാല്‍ യുവതിയെ രക്ഷിക്കുക എന്നതായിരുന്നില്ല ഇവരുടെ ഉദ്ദേശം. അധികം താമസിയാതെ ഗുദ്ദു എന്നും ഷമു എന്നും പേരുള്ള ഈ യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചു. പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം തങ്ങളുടെ സുഹൃത്തുക്കളായ ബ്രിജ്കിഷോര്‍, പീതാംബര്‍, ഉമേഷ് എന്നിവരെ യുവാക്കള്‍ വിളിച്ചു വരുത്തുകയും ഇവര്‍ മാറി മാറി പെണ്‍കുട്ടിയെ തുടര്‍ന്നും പീഡിപ്പിക്കുകയും ചെയ്തു.
പീഡനം കൂടാതെ, ഇവര്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ശേഷം, ഇവര്‍ രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഒടുവില്‍ ഏതാണ്ട് 9:30യോടെ പെണ്‍കുട്ടി തന്നെ നേരിട്ട് നടന്നു ചെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും എന്നാല്‍ മാനസിക ആഘാതത്തില്‍ നിന്നും 21കാരി മുക്തി നേടിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രവിയെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇയാളും പെണ്‍കുട്ടിയും നല്കിയ മൊഴിയനുസരിച്ച് ബ്രിജ്കിഷോറിനെയും, പീതാംബറിനെയും, ഉമേഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഗുദ്ദുവും ഷമുവും ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25,000 രൂപ പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.