Blog Post

Karanavars > News > Keralam > കെ.ശ്രീകുമാർ തിരുവനന്തപുരം മേയർ

കെ.ശ്രീകുമാർ തിരുവനന്തപുരം മേയർ

കോർപറേഷന്റ പുതിയ മേയറായി എൽഡിഎഫിലെ കെ.ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. ചാക്ക വാർഡ്‌ കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗവുമാണു ശ്രീകുമാർ. മേയറായിരുന്ന വി.കെ.പ്രശാന്ത്‌ വട്ടിയൂർക്കാവ്‌ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണു മേയർ പദവിയിൽ ഒഴിവുണ്ടായത്.

കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി ഡി.അനിൽകുമാറിനെയും (പേട്ട) ബിജെപി സ്ഥാനാർഥി എം.ആർ.ഗോപനെയും (നേമം) ആണു തോൽപ്പിച്ചത്‌. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൗണ്ടായിരുന്നു വോട്ടെടുപ്പ്. ആദ്യ റൗണ്ടിൽ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥിയ ഒഴിവാക്കി. രണ്ടാം റൗണ്ടില്‍ ശ്രീകുമാറും ഗോപനും തമ്മിലായി മത്സരം. ആദ്യ റൗണ്ടിൽ ആകെ 99 പേര്‍ വോട്ടുചെയ്തതില്‍ ശ്രീകുമാറിന് 42 വോട്ടും ഗോപന് 35 വോട്ടും അനിൽകുമാറിനു 20 വോട്ടും ലഭിച്ചു.

മൂന്ന് വോട്ട് അസാധുവായി. കോൺഗ്രസ് അംഗം സി.ഓമന, ബിജെപി അംഗം ജ്യോതി സതീഷ്, സ്വതന്ത്ര അംഗം എൻ.എസ്.ലതാകുമാരി എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. സ്വതന്ത്ര അംഗം ആർക്കും വോട്ട് ചെയ്തില്ല. രണ്ടാം റൗണ്ടില്‍ ശ്രീകുമാറിന് 42 വോട്ടും ഗോപന് 34 വോട്ടും കിട്ടി. തുടർന്നു ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. 100 അംഗങ്ങളുള്ള കോർപറേഷനിലെ കക്ഷിനില: എൽഡിഎഫ്‌– 43, ബിജെപി– 35, യുഡിഎഫ്‌– 21, സ്വതന്ത്രൻ– ഒന്ന്.

Leave a comment

Your email address will not be published. Required fields are marked *