Blog Post

Karanavars > News > Keralam > ദൃശ്യം മോഡ‍ൽ കൊലപാതകം മറയ്ക്കൽ

ദൃശ്യം മോഡ‍ൽ കൊലപാതകം മറയ്ക്കൽ

ദൃശ്യം സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു വസീം, റിജോഷിന്റെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ 2 ന് വസീം ഫാമിലെ ഒരു പശു കുട്ടി ചത്തു എന്നും താൻ അതിനെ ചെറിയ കുഴിയിൽ ഇട്ട് മൂടി എന്നും സമീപവാസിയായ മണ്ണുമാന്തി ഓപ്പറേറ്ററോട് പറഞ്ഞിരുന്നു.

കുഴി മുഴുവൻ മൂടി മേൽ ഭാഗം ഉറപ്പിച്ചില്ലെങ്കിൽ നായ്ക്കൾ പശു കുട്ടിയുടെ ജഡം മാന്തി എടുക്കും, അതു കൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമീപത്തെ മൺ തിട്ടയും ഇടിച്ചു നിരത്തി കുഴി നികത്തണം എന്ന് വസീം ഓപ്പറേറ്ററോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് അന്ന് പകൽ മണ്ണ് മാന്തി യന്ത്രം എത്തിച്ച് കുഴി മുഴുവൻ മൂടിയിരുന്നു. ഇതിന്റെ കൂലിയും വസീം നൽകി.

ഒരാഴ്ച മുൻപ് കാണാതായ ശാന്തൻപാറ പുത്തടി മുല്ലൂർ വീട്ടിൽ റിജോഷ്(31)ന്റെ മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ട സംഭവത്തിന്റെ ‍ഞെട്ടലിലാണ് റിജോഷിന്റെ ബന്ധുക്കളും നാട്ടുകാരും.

റിജോഷിന്റെ മരണത്തോടെ അനാഥരായ ഇവരുടെ മക്കൾ 10 വയസ്സുള്ള ജോയലും 8 വയസ്സുള്ള ജോഫിറ്റയും നാടിന്റെ ദുഃഖമായി. ഇളയ മകൾ രണ്ട് വയസ്സ് ഉള്ള ജൊവാനയെയും കൊണ്ടാണ് ലിജിയും കാമുകൻ വസീമും ഒളിവിൽ പോയത്.

ഭാര്യയും കാമുകൻ വസീമും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരു വർഷം മുൻപ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്.

ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 4 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്.

വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന. വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി. 12 വർഷം മുൻപ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്.

Leave a comment

Your email address will not be published. Required fields are marked *