Blog Post

Karanavars > News > Keralam > ​കെഎസ്ആർടിസി ഡ്രൈവർ കേസിൽ വഴിത്തിരിവ്; മുൻ മേയർക്കും ഭർത്താവിനും കോടതിയുടെ നോട്ടീസ്
​കെഎസ്ആർടിസി ഡ്രൈവർ കേസിൽ വഴിത്തിരിവ്;

​കെഎസ്ആർടിസി ഡ്രൈവർ കേസിൽ വഴിത്തിരിവ്; മുൻ മേയർക്കും ഭർത്താവിനും കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസ് അയച്ചു. കേസിൽ നിന്ന് ഇവരെ ഒഴിവാക്കി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ ഡ്രൈവർ യദു നൽകിയ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. സംഭവത്തിൽ ഇരുവരും വിശദീകരണം നൽകണമെന്നും ജനുവരി 21-ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

നേരത്തെ കന്റോൺമെന്റ് പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യയുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. ആര്യ രാജേന്ദ്രനും സച്ചിൻ ദേവും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ പൊലീസിന്റേത് പക്ഷപാതപരമായ അന്വേഷണമാണെന്നും സിസിടിവി മെമ്മറി കാർഡ് നശിപ്പിക്കപ്പെട്ടത് കേസ് അട്ടിമറിക്കാനാണെന്നും കാണിച്ച് യദു സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ആര്യയുടെ സഹോദരഭാര്യയെയും കേസിൽ നോട്ടീസ് അയച്ചു ഉൾപ്പെടുത്തിയിട്ടുണ്ട്.

​വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് പാളയത്ത് വെച്ചാണ് മേയറും കുടുംബവും കെഎസ്ആർടിസി ബസ് തടഞ്ഞത്. കേസിൽ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് കണ്ടെത്താൻ കഴിയാത്തത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. കുറ്റപത്രത്തിൽ നിന്ന് ഇരുവരെയും ഒഴിവാക്കിയ നടപടിയിൽ പരാതിക്കാരൻ ശക്തമായ വിയോജിപ്പ് അറിയിച്ചതോടെയാണ് കേസിൽ വീണ്ടും വഴിത്തിരിവുണ്ടായത്. മേയർ പദവിയിൽ നിന്ന് ആര്യ രാജേന്ദ്രൻ ഒഴിഞ്ഞ സാഹചര്യത്തിൽ കോടതിയുടെ ഈ ഇടപെടൽ രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *